കുന്നിമണികള്‍

Wednesday, July 26, 2006

കുന്നിമണികള്‍
മുറിപ്പാട്‌


എന്റെ പ്രാഥമിക വിദ്യാഭ്യാസം ഒരു പഴയ വിദ്യാലയത്തിലായിരുന്നു. വിശാലമായ ക്ലാസ്‌മുറികളും നടുവില്‍ പൂന്തോട്ടവുമുള്ള ആ സ്‌കൂളിനെ ചുറ്റിപ്പറ്റി എനിക്ക്‌ ഒരുപാട്‌ ഓര്‍മ്മകളുണ്ട്‌.

അക്കാലത്ത്‌ ഞങ്ങളുടെ ക്ലാസ്‌മുറിയുടെ പ്രസരിപ്പായിരുന്നു നീണ്ടമുടിയും തിളക്കമുള്ള കണ്ണുകളുമുള്ള ആ പെണ്‍കുട്ടി. ഇരുണ്ടനിറത്തിലും മനോഹരമായിരുന്നു അവളുടെ മുഖം. കളിതമാശകളുമായി ഓടിനടക്കുന്ന അവള്‍ നിശബ്ദയായിരിക്കുന്നത്‌ അപൂര്‍വ്വമായിരുന്നു.

ടീച്ചര്‍മാരില്ലാത്ത ഇടവേളകളില്‍ ക്ലാസ്‌മുറി ഞങ്ങളുടെ ആഘോഷവേദിയായി മാറും. അത്തരം ഒരു അവസരത്തില്‍ അവള്‍ ഞങ്ങള്‍ക്കു മുമ്പില്‍ നീളന്‍ ചൂരലുമായി ടീച്ചറായി മാറി. അടിക്കാനായി എത്തിയ അവള്‍ക്കു മുമ്പേ ഞങ്ങള്‍ മത്സരിച്ചോടി. ആ ഓട്ടത്തില്‍ കാല്‍തെറ്റിവീണ ഞാന്‍ ആ പഴയകെട്ടിടത്തിന്റെ കോണിപ്പടിയില്‍ ഒരു ശയനപ്രദക്ഷിണം തന്നെ നടത്തി. നെറ്റിപൊട്ടി, രക്തം വാര്‍ന്നു.

ആശ്വസിപ്പിക്കാനായി ആദ്യമെത്തിയ കൈകള്‍ അവളുടേതായിരുന്നു. എന്നിട്ടും ആ കൈകള്‍ തന്നെയാണ്‌ പിറ്റേന്ന്‌ രാവിലെ എന്റെ അമ്മയുടെ പരാതിപ്രകാരം ടീച്ചറിന്റെ ശിക്ഷ ഏറ്റുവാങ്ങിയത്‌. എന്നെ നോക്കികൊണ്ടാണ്‌ അവള്‍ ആ അടികള്‍ അത്രയും കൊണ്ടത്‌. അവളുടെ കണ്ണു നിറഞ്ഞു... എനിക്കു വേദനിച്ചു.

ആ ശിക്ഷയുടെ വേദനയാറും മുമ്പേ ഞങ്ങള്‍ വീണ്ടും കളിച്ചു... വഴക്കു പിടിച്ചു... അടികൊണ്ടു.... ആ കളിതമാശകള്‍ ഹൈസ്ക്കൂള്‍ ക്ലാസുവരെ നീണ്ടു.

മുതിര്‍ന്നപ്പോള്‍ ഞങ്ങള്‍ രണ്ടു സ്കൂളുകളിലായി. അപ്പോഴും അവിചാരിതമായും യാത്രയ്ക്കിടയിലുമെല്ലാം ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു. അപ്പോഴെല്ലാം പരസ്പരം അറിഞ്ഞിരുന്നെങ്കിലും മുതിര്‍ന്നതിന്റെ കാപട്യത്തോടെ ഞങ്ങള്‍ സംസാരിക്കാതെ ഒഴിഞ്ഞുമാറി.

പിന്നീടു ഞങ്ങള്‍ തമ്മില്‍ കാണാതായി. ഇപ്പോള്‍ അവള്‍ എവിടെയാണെന്നെനിക്കറിയില്ല. എങ്കിലും ആ തിളക്കമുള്ള കണ്ണുകളും മനോഹരമായ മുഖവും ഇന്ന്‌ എന്റെ ഓര്‍മ്മയില്‍ കുന്നിമണികളാണ്‌.

അന്നത്തെ മുറിപ്പാട്‌ ഇന്നും എന്റെ മുഖത്തുണ്ട്‌. ഇന്നതില്‍ തൊടുമ്പോള്‍ എനിക്കു വേദനിക്കുന്നില്ല... എന്നിട്ടും കണ്ണു നിറയുന്നു...

7 Comments:

 • ഇന്ദ്രനീലത്തിന്റെ നീലിമയും പദ്മരാഗത്തിന്റെ ശോണത്വവും ചേര്‍ന്ന കുന്നിമണികള്‍ക്കു സ്വാഗതം!

  By Blogger ഉമേഷ്::Umesh, at 11:56 PM  

 • കൊച്ചിക്കാരനു സ്വാഗതം

  By Blogger ഇടിവാള്‍, at 12:05 AM  

 • സെബിയ്ക്ക് സ്വാഗതം :)

  By Blogger സു | Su, at 12:25 AM  

 • സെബി, തുടക്കം തന്നെ ഒരു നിരാശചരിതം എഴുതിക്കൊണ്ടാണല്ലോ. മഞ്ഞക്കിളി ക്ലബ്ബില്‍ ചേരാന്‍ താല്പര്യം ഉണ്ടോ?

  By Blogger ശ്രീജിത്ത്‌ കെ, at 1:20 AM  

 • നന്നായിരിക്കുന്നു, സെബി.

  By Blogger വക്കാരിമഷ്‌ടാ, at 6:36 AM  

 • എല്ലാവര്‍ക്കും നന്ദി.
  അനുഭവങ്ങള്‍ എറെയും നൊമ്പരപ്പെടുത്തുന്നതാണു ശ്രീജിത്ത്‌.

  By Blogger sebi : സെബി, at 11:24 PM  

 • കൊച്ചിക്കാരന്‍, അതും പരസ്യ കലയാല്‍ ഉപജീവിയ്ക്കുന്നവന്‍...

  പരിചയപ്പെടണമല്ലോ, ഒന്നു വിശദമായി :)

  By Blogger മഴനൂലുകള്‍ .:|:. Mazhanoolukal, at 12:58 AM  

Post a Comment

Links to this post:

Create a Link

<< Home